Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Intensifies

Wayanad

കാ​ല​വ​ര്‍​ഷം ക​ന​ക്കു​മ്പോ​ള്‍ വ​യ​നാ​ട്ടി​ല്‍ ഒ​രു​വ​ശ​ത്ത് ആ​ശ്വാ​സം, മ​റു​വ​ശ​ത്ത് ആ​ശ​ങ്ക

ക​ല്‍​പ്പ​റ്റ: ക​ന​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ല്‍ ജ​ല​സ​മൃ​ദ്ധി വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് വ​യ​നാ​ട്ടി​ലെ പു​ഴ​ക​ളും തോ​ടു​ക​ളും. ര​ണ്ടു​ദി​വ​സ​മാ​യി കു​ഞ്ഞ​ന്‍ നീ​ര്‍​ച്ചാ​ലു​ക​ളി​ല്‍​പോ​ലും കാ​ണു​ന്ന​ത് ശ​ക്ത​മാ​യ പ്ര​വാ​ഹം. പ​ന​മ​രം, മാ​ന​ന്ത​വാ​ടി പു​ഴ​ക​ള​ട​ക്കം ക​ബ​നി ന​ദി​യു​ടെ കൈ​വ​ഴി​ക​ള്‍ ക​ല​ങ്ങി​മ​റി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ഈ ​സ്ഥി​തി​യി​ല്‍ ആ​ശ്വാ​സം കൊ​ള്ളു​ക​യാ​ണ് ജ​ന​ങ്ങ​ളി​ല്‍ ഒ​രു വി​ഭാ​ഗം. എ​ന്നാ​ല്‍ നെ​ഞ്ചി​ല്‍ നെ​രി​പ്പോ​ടു​മാ​യി ക​ഴി​യു​ക​യാ​ണ് മ​റ്റൊ​രു കൂ​ട്ട​ര്‍.

ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ലാ​തെ കൃ​ഷി​പ്പ​ണി​ക​ള്‍ മു​ട​ങ്ങി​യ ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​ങ്കോ​ച​മി​ല്ലാ​തെ പെ​യ്യു​ന്ന മ​ഴ ആ​ഹ്ലാ​ദ​ത്തി​ലാ​ക്കി. നെ​ല്‍​ക്കൃ​ഷി​ക്ക് വ​യ​ല്‍ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. കു​റ​ച്ചു​വൈ​കി​യാ​ണെ​ങ്കി​ലും മ​ഴ എ​ത്തി​യ​ത് ന​ഞ്ച​ക്കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. മ​ഴ വീ​ണ് മ​ണ്ണ് കു​തി​ര്‍​ന്ന​തോ​ടെ വ​ള​സേ​ച​നം സാ​ധ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ചെ​റു​കി​ട​ക്കാ​ര​ട​ക്കം തോ​ട്ടം ഉ​ട​മ​ക​ള്‍. മ​ഴ​യു​ടെ അ​ഭാ​വ​ത്തി​ല്‍ കാ​പ്പി, കു​രു​മു​ള​ക് ക​ര്‍​ഷ​ക​ര​ട​ക്കം പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ മ​ഴ രൗ​ദ്ര​ഭാ​വ​ത്തി​ലേ​ക്കു നീ​ങ്ങു​മ്പോ​ള്‍ വീ​ര്‍​പ്പ​ട​ക്കി​യാ​ണ് ജ​ന​ങ്ങ​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​തം. ഉ​രു​ള്‍​പൊ​ട്ട​ലോ മ​ണ്ണ​ടി​ച്ചി​ലോ എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും സം​ഭ​വി​ക്കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് ജി​ല്ല​യി​ല്‍ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​സി​ക്കു​ന്ന​വ​ര്‍. മു​ണ്ട​ക്കൈ​യി​ലും പു​ത്തു​മ​ല​യി​ലും കാ​പ്പി​ക്ക​ള​ത്തും പു​ഞ്ചി​രി​മ​ട്ട​ത്തും ഒ​ടു​വി​ല്‍ ക​ള്ളാ​ടി​യി​ലും സം​ഭ​വി​ച്ച ദു​ര​ന്ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത അ​സ്വ​സ്ഥ​ത​മാ​ക്കു​ക​യാ​ണ് അ​വ​രു​ടെ മ​ന​സു​ക​ളെ. പു​ഴ​യോ​ര​വാ​സി​ക​ളും മ​ഴ​യ​ത്ത് മ​യ​മി​ല്ലാ​തെ ചോ​രു​ന്ന വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രും പ്ര​യാ​സ​ത്തി​ലാ​ണ്. വീ​ട്ടി​ല്‍​നി​ന്ന് ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും മാ​റി​ത്താ​മ​സി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​കു​ല​ത​യി​ലാ​ണ് അ​വ​ര്‍.

കു​റു​മ്പാ​ല​ക്കോ​ട്ട, പു​ത്തു​മ​ല, മ​ണി​ക്കു​ന്നു​മ​ല, ചെ​മ്പ്ര, കാ​പ്പി​ക്ക​ളം, തേ​ല​മ്പ​റ്റ, എ​ള​മ്പി​ലേ​രി, മേ​ല്‍​മു​റി, നി​ര​വി​ല്‍​പു​ഴ, മ​ക്കി​യാ​ട്, മ​ട്ടി​ല​യം, സു​ഗ​ന്ധ​ഗി​രി, ല​ക്കി​ടി എ​ന്നി​വ ജി​ല്ല​യി​ലെ പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല​താ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ ത​ര​ക്കേ​ടി​ല്ലാ​തെ​യാ​ണ് പെ​യ്ത്ത്.

ര​ണ്ട് മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ പെ​യ്ത​ത് ശ​രാ​ശ​രി 802 എം​എം മ​ഴ

ക​ല്‍​പ്പ​റ്റ: ആ​ഗോ​ള കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ളും എ​ല്‍ നി​നോ പ്ര​തി​ഭാ​സ​ത്തി​ന്‍റെ സ്വാ​ധീ​ന​വും മൂ​ലം വൈ​കി​യെ​ത്തി​യ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത് ശ​രാ​ശ​രി 802 എം​എം മ​ഴ. പു​ളി​യാ​ര്‍​മ​ല ഹ്യൂം ​കാ​ലാ​വ​സ്ഥാ ലാ​ബി​ന്‍റേ​താ​ണ് ഈ ​ക​ണ​ക്ക്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഈ ​കാ​ല​യ​ള​വി​ല്‍ ജി​ല്ല​യി​ല്‍ ല​ഭി​ക്കേ​ണ്ട​ത്

ശ​രാ​ശ​രി 1600 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ്. എ​ന്നാ​ല്‍ പ​കു​തി അ​ള​വി​ലാ​ണ് മ​ഴ വ​ര്‍​ഷി​ച്ച​ത്.
ജൂ​ലൈ 27 മു​ത​ല്‍ 31 വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ 199 മി​ല്ലി മീ​റ്റ​റാ​ണ് ജി​ല്ല​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശാ​രാ​ശ​രി മ​ഴ. ക​ഴി​ഞ്ഞ ര​ണ്ട് മാ​സം ല​ഭി​ച്ച ആ​കെ മ​ഴ​യു​ടെ 25 ശ​ത​മാ​ന​ത്തോ​ളം പെ​യ്ത​ത് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലാ​ണ്. ഈ ​മാ​സം നാ​ല് വ​രെ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന അ​ള​വി​ല്‍ മ​ഴ തു​ട​രാ​നി​ട​യു​ണ്ടെ​ന്ന് ഹ്യൂം ​ലാ​ബ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത് ല​ക്കി​ടി​യി​ലാ​ണ്- 2,548 എം​എം. ഇ​ക്കാ​ല​യ​ള​വി​ല്‍ മു​ത്ത​ങ്ങ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്-228 എം​എം. ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്ത് ശ​രാ​ശ​രി തൊ​ണ്ട​ര്‍​നാ​ടി​ലാ​ണ്-1,990 എം​എം. ഏ​റ്റ​വും കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് ശ​രാ​ശ​രി നൂ​ല്‍​പ്പു​ഴ​യി​ലാ​ണ്-277 എം​എം. ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ലെ ഉ​യ​ര്‍​ന്ന ശ​രാ​ശ​രി താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലേ​ക്ക് കു​റ​ഞ്ഞു. ജൂ​ലൈ അ​വ​സാ​ന​ത്തെ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ല്‍ ല​ക്കി​ടി​യും തൊ​ണ്ട​ര്‍​നാ​ടും ഉ​ള്‍​പ്പെ​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും നൂ​ല്‍​പ്പു​ഴ, മു​ത്ത​ങ്ങ തു​ട​ങ്ങി​യ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​റ​വ് കാ​ര​ണം ജി​ല്ല​യു​ടെ പൊ​തു​വാ​യ മ​ഴ​ക്ക​ണ​ക്ക് ഇ​പ്പോ​ഴും 50 ശ​ത​മാ​നം കു​റ​വി​ലാ​ണ് തു​ട​രു​ന്ന​ത്.
വെ​ള്ളം ക​യ​റി​യ

ഉ​ന്ന​തി​യി​ല്‍ കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ഴു​വ​ണ വെ​ള്ള​ച്ചാ​ല്‍ ഉ​ന്ന​തി​യി​ല്‍ കു​ടു​ങ്ങി​യ ക​റു​പ്പ​നെ(75) അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും നൂ​ല്‍​പ്പു​ഴ പോ​ലീ​സും ചേ​ര്‍​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45ന് ​തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം രാ​ത്രി 8.15നാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ശി​വ​ദാ​സ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up